Friday, 30 September 2011

"കന്നിമാസ വെയില്‍ " ...




അസ്ഥി ഉരുക്കുന്ന വെയില്‍ ....,ടാര്‍ റോഡിലൂടെ ശങ്കരന്‍ നടക്കുകയാണ്......,കാലില്‍ ചെരുപ്പില്ല....,ചുട്ടു പൊള്ളുന്നത് കൊണ്ടാകണം ചാടി തുള്ളിയാണ് യാത്ര..
എതിരെ വരുന്നവരോടൊക്കെ കുശലാന്വേഷണം നടത്തുന്നുണ്ട്...,വാഹനങ്ങള്‍ക്ക് നേരെ കൈവീശി ആശംസകള്‍ നേരുന്നു.......
നാല് കിലോമീറ്റര്‍ അകലെയുള്ള മുരുകേട്ടന്റെ ചായക്കടയാണ് ലക്ഷ്യസ്ഥാനം..,അവിടെ ചായ സൌജന്യമാണ് ശങ്കരന് ..,പകരം തലേന്നത്തെ പാത്രം കഴുകി കൊടുക്കണം....അതൊന്നും ഒരു വിഷയമല്ല ,ചായകിട്ടിയാ മതി..ചിലപ്പോള്‍ ഒന്ന്,അല്ലെങ്കില്‍ രണ്ട്‌ ..
ശങ്കരന്‍ അധികം സംസാരിക്കാറില്ല ,ഏതാനും ചില വാക്കുകള്‍ മാത്രം...പാത്രം കഴുകുമ്പോള്‍ പാട്ട് പാടാറുണ്ട്..എന്നാലും എല്ലാവരോടും അടുത്തു ചെന്ന് നിറഞ്ഞു ചിരിക്കും....ചില്ലറ കൊടുത്താല്‍ മുരുകനെ ചൂണ്ടി കാണിക്കും ,അതിനര്‍ത്ഥം.,കാശ് വേണ്ട,ചായ മതി,കാശ് അവിടെ കടയില്‍ കൊടുത്താമതി എന്നാണ്...

ഇടയ്ക്ക് ചിലര്‍ കറണ്ട് ബില്ലടയ്ക്കാന്‍ അവന്റെ കൈയ്യില്‍ കൊടുത്ത് വിടാറുണ്ട്..,ഒരു കൈയ്യില്‍ ബില്ലും മറ്റേ കൈയ്യില്‍ പണവുമായി ഓടുകയാണ് പതിവ്...ബില്ലടച്ച്‌ ബാക്കി തരിച്ച് ഏല്‍പ്പിക്കുന്നത് വരെ ഓടിക്കൊന്ടെയിരിക്കും.....
വെയിലാണ് ശങ്കരന് ഇഷ്ടമുള്ള കാലാവസ്ഥ.....മഴക്കാലത്ത് അയാളെ കാണാനേ കിട്ടുകയില്ല....
എവിടെപ്പോകുന്നുവെന്നു ആര്‍ക്കുമറിയില്ല....ചോദിച്ചാലോട്ടു പറയുകയുമില്ല.....വെയിലത്ത് നിറഞ്ഞു ചിരിച്ചു ടാര്‍ റോഡിലൂടെ നടക്കുന്ന ശങ്കരന്‍ നാട്ടുകാര്‍ക്ക് നിത്യ കാഴ്ചയാണ്....

ശങ്കരന് വീടില്ല,ബന്ധുക്കള്‍ ആരുമില്ല ,എന്തിനു,അവന്‍ എവിടെ അന്തിയുറങ്ങുന്നു എന്നുപോലും ആരും അന്വേഷിക്കാറില്ല...ആര്‍ക്കും സമയമില്ല തന്നെ.....
അതിലൊന്നും അയാള്‍ക്ക്‌ പരിഭവമില്ല.,അല്ലെങ്കില്‍ അത്രയ്ക്കുള്ള ബുദ്ധിയുണ്ടായിരുന്നില്ല...
നാട്ടിലെ എല്ലാ ഉത്സവങ്ങള്‍ക്കും ശങ്കരനുണ്ടാകും ,ഒന്നുകില്‍ ആനകളുടെ മുന്നില്‍ അല്ലെങ്കില്‍ പിന്നില്‍ ....

ഒരുനാള്‍ രാവിലെ കവലയിലെ കിണറില്‍ ശങ്കരന്‍ കമിഴ്ന്നു പൊങ്ങി....,നൂറു കണക്കിന് ആളുകള്‍ തടിച്ചു കൂടി.....ആരുടെ മുഖത്തും ദുഃഖം കണ്ടില്ല....ഒരുതരം നിര്‍വികാരതയും അവജ്ഞയും....പോലീസ് വന്നു പൊക്കിയെടുത്ത് ,'അജ്ഞാതന്‍ ' എന്നാ ലേബല്‍ ചേര്‍ത്ത് ,മറവു ചെയ്യാനായി കൊണ്ടുപോകുന്നത് വരെ അവരെല്ലാം നോക്കിനിന്നു....,പിന്നീട് ,പരസ്പരം ശങ്കരന്റെ ചെയ്തികളെപ്പറ്റി ഉള്ളതും,ഇല്ലാത്തതുമായ കാര്യങ്ങള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പറഞ്ഞു പരത്താന്‍ തുടങ്ങി...

വെയിലിനെ ഇഷ്ടപ്പെട്ടിരുന്ന ശങ്കരന്‍ അങ്ങനെ അസ്തമിച്ചു.........നഗരത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ,ഇന്നും കാണാം ഇതുപോലെയുള്ള ശങ്കരന്മാര്‍ .....
ആര്‍ക്കും വേണ്ടാതെ ,മറ്റുള്ളവര്‍ക്ക് വേണ്ടി അടിമപ്പണി ചെയ്യുന്ന ശങ്കരന്മാര്‍ ........

'കള്ളനും കൊള്ളാത്ത കന്നിവെയിലിനെ' ഇഷ്ടപ്പെടാന്‍ അവര്‍ക്കെ കഴിയൂ......







കുട്ടന്‍ പരിപ്പായി (ഹരിനാരായണന്‍ ) .

No comments:

Post a Comment