Wednesday, 23 November 2011

"തിരിച്ചറിവ്"


ശശീന്ദ്രന്‍ രാവിലെ തന്നെ റോഡ്സൈഡില്‍ നില്‍പ്പ് തുടങ്ങി....
വരുന്ന ആളുകളോട് എല്ലാം ചിരിക്കുന്നുണ്ട്......എല്ലാവരും  പറയുന്നത് അവനു അര കിറുക്ക് ആണെന്നാണ്‌......പക്ഷെ ശശി അത് സമ്മതിച്ചു തരില്ല....അതിബുദ്ധിമാനാണെന്നു സ്വയം ഞെളിഞ്ഞു നടക്കും...... പക്ഷെ പ്രവൃത്തിയില്‍, കുറച്ചു കുറവുണ്ടെന്ന് കാണുന്നവര്‍ക്ക് തോന്നിക്കും ............................
ടൌണിലെ കടകള്‍ക്ക് മുന്‍പില്‍ ഉള്ളിലേയ്ക്ക് നോക്കി വളരെ നേരം നില്‍ക്കും ....എന്തെങ്കിലും ചോദിച്ചാല്‍ അടുത്ത കടയുടെ മുന്‍പിലേയ്ക്ക് നീങ്ങി നില്‍ക്കും......
അനാവശ്യ ചിലവുകള്‍ ഒന്നും തന്നെയില്ല......ആരോടും പരാതിയില്ല.....പത്രം വായിച്ചു വാര്‍ത്തകളെ സ്വയം ചവച്ചരച്ചു തിന്നും......

ഇന്നലെ അവന്റെ പതിവ് പരിപാടികള്‍ക്കിടയില്‍ ,മുന്നിലൂടെ ഓടിവന്ന ആരോ പറഞ്ഞു.."രവീ നിന്റെ വീടിനു തീപ്പിടിച്ചൂ"..........കേട്ടപാതി,മുന്നിലുള്ള റോഡിലൂടെ വേഗത്തില്‍ ഓടാന്‍ തുടങ്ങി..... ഓടി ഓടി കിലോമീറ്ററുകള്‍ കഴിഞ്ഞപ്പോളാണ് പെട്ടെന്ന് ശശീന്ദ്രന് തോന്നിയത്,"അതിനു തന്റെ പേര് രവി എന്നല്ലല്ലോ......"!!,പരിസരം നോക്കിക്കൊണ്ട്, "ഇത് തന്റെ വീട്ടിലേയ്ക്കുള്ള വഴിയുമല്ലല്ലോ"!! ................
ആ സെക്കന്‍ഡില്‍ അവനു മനസ്സിലായി......തന്റെ "കുറവ്" എന്താണെന്ന്.....ബുദ്ധിമാനാണ് താനെന്നുള്ള വിശ്വാസം അവനു നഷ്ടമായി.......അങ്ങ് ദൂരെയുള്ള മാനസീകാരോഗ്യ കേന്ദ്രത്തിലേയ്ക്ക് പോകാന്‍ ശശീന്ദ്രന്‍ സ്വയമേവ തീരുമാനിച്ചു.....

കുട്ടന്‍ പരിപ്പായി(ഹരിനാരായണന്‍)

Wednesday, 16 November 2011

"ഉറക്കത്തിലെ ഉണര്‍വ്വ് "



ഉറങ്ങുകയാണ് ഞാന്‍ .....
ഒരു ദീര്‍ഘനിശ്വാസം പോലെ....
പെയ്തൊഴിഞ്ഞ പേമാരിയും -
തുള്ളിയാര്‍ത്ത  കൊടുംകാറ്റും-
എവിടെയോ പോയ്മറഞ്ഞൂ...

അടഞ്ഞ വാതില്‍  തുറന്നു-
നോക്കി ഞാനേത് ദിശയാണവ-
പോയതെന്നറിയാന്‍....
കണ്ടില്ല ഞാനവ,യെങ്ങോ -
പോയ്മറഞ്ഞൂ..

എന്റെ ദീര്‍ഘനിശ്വാസ രാവിന്നു-
ശേഷമരുണ കിരണങ്ങള്‍
തെളിഞ്ഞു വന്നു....
സൂര്യോഷ്ണ രശ്മികള്‍  -
ആനന്ദമായ്,ഭൂവിലാറാടി-
കളിയാടി ചമഞ്ഞു നിന്നൂ.....

ശാന്തത വന്നെന്നില്‍  -
നിറഞ്ഞു നിന്നു......
ഉണര്‍ന്നൂ  ,ഞാനാത്മീയ-
സ്വത്വമാത്മഗദം ചെയ്തു....

രോഗാതുരമാമീ സമൂഹ-
ത്തിലേകനായ് ,ദിവ്യനായ്.....
ഭ്രാന്തിന്റെ ഭാരവും-
പേറി ഞാലയുന്നു,..നിര്‍ഗ്ഗുണം .....

കുട്ടന്‍ പരിപ്പായി (ഹരിനാരായണന്‍)

"മരിക്കാത്ത അടിമത്തം"



നാമിന്നും അടിമകള്‍....
കൈയ്യേറ്റ ജീവിതം..,
രാവുകള്‍,പകലുകള്‍....
മിഴിനീരു തോരാത്ത-
കണ്‍പീലികള്‍.....
ഗദ്ഗദം ഒഴിയാത്ത രാത്രികള്‍..
അടിമകള്‍,നാമിന്നും അടിമകള്‍...

കണ്ടു ഞാനിന്നു ജീവിത-
പ്രകാശവും,നിഴലും.....
അടിമത്തമാം നുകം വച്ച്-
അപമാനഭാരമേറ്റുന്ന-
ജീവിത തീവ്രവ്യഥ കണ്ടു ഞാന്‍.....

തന്റെ മാതാവിനാല്‍-
അടിമത്തമാം പാലൂട്ടപ്പെട്ട-
ശൈശവം,അക്ഷരത്താല്‍-
കീഴടങ്ങുന്ന ബാല്യവും-
കണ്ടു ഞാന്‍......

തുറക്കാന്‍ കൊതിക്കുന്ന
മനുഷ്യ കണ്ട്ഹത്തെ-
ജനമര്‍ധകന്‍ തന്റെ  കീഴിലാക്കുന്നു......
അര്‍ദ്ധരാത്രിയില്‍ -
ഭ്രാന്തമായ് അലയുന്ന
സ്വാതന്ത്ര്യത്തെ കണ്ട്-
ചോദിച്ചൂ ഞാന്‍-
സമയമായില്ലേ നിനക്ക് ??

മിഴിനീരനിഞ്ഞു,ദുര്‍ബല....
ശാന്തമായ് പുഞ്ചിരിച്ചൂ..
കൈകള്‍ ഉയര്‍ത്തി -
നടന്നവളെന്റെ കാഴ്ചയും-
കേള്‍വിയും തടഞ്ഞു....




കുട്ടന്‍ പരിപ്പായി(ഹരിനാരായണന്‍)

   

Monday, 14 November 2011

""3G 'യില്‍ ഒരു മരണം""

ഒന്നര മാസത്തെ കഠിനമായ സമരമുറകള്‍ക്ക്‌  ശേഷം അവനു ഒരു മൊബൈല്‍ ഫോണ്‍ വീട്ടുകാര്‍ വാങ്ങിക്കൊടുത്തു...
ആധുനീകതയുടെ പുതിയ സന്താനം.....അവന്‍ അന്നാദ്യമായി ആനന്ദത്തില്‍ ആറാടി.....
ഭക്ഷണത്തിന്റെ ഓര്‍മ്മയില്ലാതായി .......ജലപാനം മറന്നു പോയി.....പറമ്പ് മുഴുവന്‍ നടന്നു പൂക്കളുടെയും പുഴുക്കളുടെയും ചിത്രങ്ങളെടുത്തു........ഇയര്‍ ഫോണും ചെവിയില്‍ കുത്തി പാട്ട് കേട്ട് തുള്ളിച്ചാടി  നടന്നു........ 
ഇതെല്ലാം കണ്ടു വീട്ടുകാര്‍ കൃതാര്‍ത്ഥരായി.....................

                                                          അങ്ങനെയിരിക്കെ ഒരു ശരത്ക്കാല പുലരിയില്‍ അവന്‍ കടയില്‍ നിന്നും സാധനം വാങ്ങി വരികയായിരുന്ന ഏകാന്ത നിരത്തിന്റെ ഓരത്തെ ചാലില്‍ നിന്നും ഒരു വേദന നിറഞ്ഞ നിലവിളി കേട്ടു,റോഡില്‍ തകര്‍ന്നു കിടക്കുന്ന ബൈക്കും ......അവന്‍ ശബ്ദം കേട്ട ഭാഗത്ത് ചെന്ന് നോക്കി......ചാലിനുള്ളില്‍ ഒരു മനുഷ്യന്‍...  അയാളുടെ ശിരസ്സിലും നെഞ്ചിലും ഉള്ള ആഴത്തിലുള്ള മുറിവുകളില്‍ നിന്നും രക്തം നിര്‍ബാധം ഒഴുകുന്നു..............
അയാള്‍ സഹായത്തിനായി ദയനീയമായി വിലപിച്ചു കൊണ്ടിരിക്കുന്നു.....
പയ്യന്റെ മുഖത്തു കൌതുകം   നിറഞ്ഞു.......  
പോക്കറ്റില്‍ നിന്നും ഫോണ്‍ എടുത്തു പല പല ആങ്കിള്കളില്‍ ആ രംഗം അവന്‍ പകര്‍ത്തി........അപ്പോഴും അവന്റെ മുഖത്തു നോക്കി അയാള്‍ കേഴുകയായിരുന്നു.....
                                   അവന്‍ സംതൃപ്തമായ മുഖത്തോടെ ,ഇയര്‍ഫോണ്‍ ചെവിയില്‍ കുത്തി തിടുക്കത്തോടെ നടന്നു.........സ്കൂളില്‍ പോയി കൂട്ടുകാരെ മുഴുവന്‍ ,ഈ രംഗങ്ങള്‍ കാണിച്ചു കൈയ്യടി നേടാന്‍......
                          
                                 പാതയോരത്തെ ചാലിലെയ്ക്കു, അയാളെ രക്ഷിക്കാന്‍ "മരണം" അപ്പോഴേയ്ക്കും അവിടെ വന്നെത്തി........












കുട്ടന്‍ പരിപ്പായി(ഹരിനാരായണന്‍)  

"ചങ്ങലകള്‍ ഉറങ്ങിയിട്ടില്ല"......




അന്ന്,
ഗ്രാമീണതയില്‍ നിന്ന് 
നാഗരികതയിലെക്കുള്ള -
അത്യാഗ്രഹത്തിന്റെ -
ഓട്ടമായിരുന്നു.....
ബന്ധനത്തിന്റെ -
ചങ്ങലകള്‍ താനേ-
പൊട്ടിത്തകര്‍ന്നു .......
അടിമത്തത്തില്‍ നിന്നും -
സ്വാതന്ത്രത്തിലെയ്ക്കുള്ള-
നീണ്ട പ്രയാണം......


അന്ധകാരം പ്രകാശത്തിനു 
വഴിമാറിയൊഴുകി.......
ചങ്ങലപ്പാടുകള്‍-
ഓര്‍മ്മയാക്കി.......


ഇന്ന്,
പ്രകാശത്തില്‍ നിന്നും -
അന്ധകാരത്തിലേയ്ക്കുള്ള-
ഘോഷയാത്ര ഞാന്‍ കാണുന്നു....
ഇവിടെ അടിമത്തത്തിന്റെ 
ചങ്ങലപ്പാടുകള്‍-
തെളിഞ്ഞു കാണാം...
നാഗരീകത ഇന്ന്-
ജീവിതത്തിനു അടിമപ്പെട്ടിരിക്കുന്നു..
പ്രകാശം പതിയെ,-
അന്ധകാരത്തിന് വഴിമാറുകയാണോ?
വീണ്ടുമാ പഴയ കാലത്തെയ്ക്കൊരു -
മടക്കയാത്ര...


ഇവിടെയും ബാക്കിയാവുന്നത്,
ആ ചങ്ങലപ്പാടുകള്‍-
തന്നെയാണ്.....
മുന്നില്‍ കേള്‍ക്കുന്നത് -
അസ്ഥിരമായ ജീവിതകാലത്തിന്റെ,
ദുഖാര്‍ത്തമായ പ്രധിധ്വനികളാണ്.......








കുട്ടന്‍ പരിപ്പായി(ഹരിനാരായണന്‍)      

Wednesday, 9 November 2011

"പരാജിതന്റെ ഗീതം"




ഇതൊരു ഗീതമല്ല..
ഇതൊരു ഗീതയല്ല....
പരാജിതന്‍ ഞാനെന്റെ -
ആത്മസാക്ഷ്യം.....


വെറിമൂത്തു പായുന്ന -
ഇരുകാലികള്‍ക്കിടയില്‍ 
ഇടറുന്ന മനസ്സുമായ് -
ഇഴയുന്നു ഞാന്‍....


ഉന്മാദമുറയുന്ന-
ഉറക്കത്തിലുണരാതെ-
ഉറ്റു നോക്കുന്നു ഞാന്‍ -
വിദൂര ലക്ഷ്യങ്ങളെ.........


ജീവിത പാതയില്‍-
ഇന്ന് ഞാന്‍ തേടുന്നു,
എന്റെയേകാന്തമാം-
വൃക്ഷവും തണലും.......


അവിടെയിരിക്കുവാന്‍-
ഒറ്റയ്ക്കിരിക്കുവാന്‍,
ഉപേക്ഷിച്ചു ഞാനാ-
ദുര്‍ഗന്ധ നഗരത്തെ........


അവിടെയേകാന്തതയില്‍-
ആ നിശബ്ദതയില്‍ -
അറിയാതെ മന്ത്രിച്ചു ഞാന്‍-
എന്റെ ഹൃദയമേ-....
നീയും നിശബ്ദമായിരിക്കുക.........


പ്രഭാതം  വരും,പിന്നെ-
പകല്‍ വരും,സന്ധ്യയില്‍-,
അഞ്ജതയിലാണ്ട് പോം.. 
അന്ധകാരം വരും......


അന്ധകാരത്തിലെന്‍ -
കണ്ണുകള്‍ തുറന്നപ്പോള്‍-
കണ്ടത് ഞാനെന്നെത്തന്നെ-
യതു കണ്ണാടിയിലെന്നപോല്‍......


മൂത്ത ഭ്രാന്തിന്റെ -
കെട്ടഴിക്കുമ്പോഴിന്ന-
റിയാതെ അഴിയുന്നു.....
ബന്ധു-ബന്ധനങ്ങള്‍....


മുന്നിലെരിയുന്ന പര്‍വ്വതം-
കണ്ടു ഞാന്‍.....
കത്തിയാളുന്ന നഗരവും- 
 കണ്ടു ഞാന്‍....
എങ്കിലും ഹൃദയമേ നീയും -
നിശബ്ദമായിരിക്കുക....


എന്റെ പുറകേ-
വരുന്നുണ്ട്,പരാജിതര്‍....-
നീണ്ട ഘോഷയാത്രയായ്‌...
മുന്‍പേ നടന്നു ഞാന്‍....
വിജയിയായ്...,സാരഥി..
പരാജിത പ്രാണികളില്‍-
ഒന്നാമനായ്.........




കുട്ടന്‍ പരിപ്പായി(ഹരിനാരായണന്‍)