Friday, 21 October 2011

"ജOരാഗ്നി"




രണ്ടു മണിക്കൂറില്‍ അധികമായി ഈ നില്‍പ്പ് തുടങ്ങിയിട്ട് ........
ഗോപിയ്ക്ക് വല്ലാതെ മുഷിയുന്നുണ്ടായിരുന്നു.......
ഒരൊറ്റ ബസ്സ് പോലും ആ വഴിയ്ക്ക് വരുന്നില്ല...........വിശപ്പിന്റെ വിളി രോമകൂപങ്ങളെ ഉണര്‍ത്തുന്നു...കാലുകള്‍ തളരുന്നത് പോലെ തോന്നി.....ചുറ്റും പരിചിത മുഖങ്ങള്‍ ഏതുമില്ല......


ശബ്ദമാനമായ പരിസരം അയാളെ കൂടുതല്‍ അസ്വസ്ഥനാക്കി....
വീട്ടില്‍ നിന്നാണ് ഗോപി രാവിലെ ഇറങ്ങിയത്‌.....യാത്രയുണ്ടെന്ന് തലേ ദിവസമേ അറിയാവുന്നത് കൊണ്ട് ഭാര്യ നേരത്തെ തന്നെ ചപ്പാത്തിയും കറിയും ,ചോറും എല്ലാം തയ്യാറാക്കി വച്ചിരുന്നു......


എന്തിനാണെന്നറിയില്ല ,എങ്ങനെയെന്നറിയില്ല,നേരം വെളുത്തത് മുതല്‍ വീട്ടില്‍ ഗംഭീര കലഹം...സത്യത്തില്‍ താനാണ് തുടങ്ങി വച്ചതെന്ന് ഗോപിയ്ക്ക് അറിയാമായിരുന്നു.....നേരത്തെ വിളിക്കണമെന്ന് ഭാര്യയോടു പ്രത്യേകം പറഞ്ഞിരുന്നു,അടുക്കള തിരക്കിനിടയില്‍ അവളതു മറന്നു...ഫലത്തില്‍ നേരം വൈകി........പിന്നെ ഒന്നും രണ്ടും പറഞ്ഞു പിണങ്ങി.......


ഭാര്യയുടെ സ്നേഹത്താല്‍ ചേര്‍ത്തുണ്ടാക്കിയ ചപ്പാത്തിയും കറിയും തിരിഞ്ഞു പോലും നോക്കാതെ പുറത്തേയ്ക്കിറങ്ങി.....


അവളുടെ കണ്ണുനീര്‍ തന്നെ 'പിന്‍വിളി' വിളിച്ചിരിക്കുമോ ?.........മനസ്സില്‍ വല്ലാത്ത ഭാരം.....


ഒരേ സമയം നൂറായിരം ചിന്തകള്‍ ,ഇളകിയ കടന്നല്‍ക്കൂട്ടം പോലെ തന്റെ തലയെ ആക്രമിക്കുന്നതുപോലെ തോന്നി ഗോപിയ്ക്ക്........


"രണ്ടു രൂപ തര്വോ ? ചായകുടിക്കാന്‍ ?? "
ചോദ്യം കേട്ട് ഗോപി ഞെട്ടി.....,മുന്‍പില്‍ ബലിഷ്ടമായ കൈ ....,ഒരു മധ്യവയസ്ക്കന്‍ ......അയാള്‍ ചോദ്യം ആവര്‍ത്തിക്കുന്നു.....ഗോപി മറ്റു ചിന്തകളില്‍ നിന്നും ഇറങ്ങി വന്നു.....,അയാളിലെയ്ക്ക് നോക്കി.....ഏതോ ഒരു തെരുവിന്റെ പുത്രന്‍......
ചായയ്ക്ക് രണ്ടു രൂപ ചോദിക്കുന്നു...


രണ്ടു രൂപയ്ക്ക് എവിടെ കിട്ടും ചായ?    ഗോപി അയാളോട് ചോദിച്ചു....


"രണ്ടു രൂപ തര്വോ ? ചായകുടിക്കാന്‍ ?? "     അയാള്‍ വീണ്ടും ചോദിക്കുന്നു....
ഗോപി പോക്കറ്റില്‍ നിന്നും അഞ്ചു രൂപയുടെ ഒരു നാണയം എടുത്തു.....കൈവെള്ളയില്‍ വച്ച് ഒന്ന് നോക്കി.....അപ്പോള്‍ അതില്‍ ഭാര്യ ഉണ്ടാക്കിയ 'ചപ്പാത്തി' കണ്ടു അയാള്‍.....


ഗോപി അവനെയും കൂട്ടി അടുത്തു കണ്ട ചായക്കടയില്‍ കയറി..,അവനു ചായയും ഒരു  വടയും വാങ്ങിക്കൊടുത്തു.....അയാളും ഒന്ന് കുടിച്ചു....
അവന്‍ ആര്‍ത്തിയോടെ ആ ചായ കുടിക്കുന്നത് ഗോപി നോക്കി നിന്നു.......അത് കണ്ടപ്പോള്‍ തന്റെ വിശപ്പ്‌ ഒന്നുമല്ലെന്ന് അയാള്‍ തിരിച്ചറിഞ്ഞു........
തന്റെ വിശപ്പറിഞ്ഞു, തന്റെ വയറു നിറയ്ക്കാന്‍ തന്നെ സഹായിക്കുന്ന ഭാര്യയോടു അയാള്‍ക്ക്‌ ബഹുമാനം തോന്നി.....


ചായ കുടിച്ചിട്ട് കൈ തന്റെ ഉടുപ്പില്‍ തേച്ചു അവന്‍ പുറത്തേയ്ക്ക് വന്നു.......മുഖത്തു ഒരു പുഞ്ചിരി കണ്ടു ഗോപി......നേരെ ഗോപിയുടെ  മുന്‍പില്‍ വന്നിട്ട് .....വീണ്ടും പഴയ ആവര്‍ത്തനം .......


"രണ്ടു രൂപ തര്വോ ? ചായകുടിക്കാന്‍ ?? "
അന്തം വിട്ടു നിന്നു പോയി ഗോപി........അവനെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല.....പാലിനും  ,ചായയ്ക്കും എല്ലാം വില കൂടിയത് അവനറിയില്ല...... അറിയുന്നത് ആകെ "രണ്ടു രൂപ തര്വോ ? ചായകുടിക്കാന്‍ ?? " എന്ന് മാത്രം....


ബസ്സ് വന്നു.......ഗോപി ഒരു ചെറിയ ചിരിയോടെ അതിലേയ്ക്ക് കയറി......,വീട്ടിലേയ്ക്ക്........ഭാര്യയുണ്ടാക്കിയ ചായ കുടിക്കാന്‍.......ചപ്പാത്തി തിന്നാന്‍........














കുട്ടന്‍ പരിപ്പായി(ഹരിനാരായണന്‍ )

No comments:

Post a Comment