Monday 23 December 2013

"എന്റെ കൃഷി "


----------------------
ഞാനൊരു കൃഷിക്കാരനാണ്‌,.
എഴുത്താണ് കൃഷിയിടം,
നാലിൽ മൂന്നര ഭാഗം-
കൃഷിയിടം തരിശാണ്,.....
അരഭാഗം കൃഷിയിൽ വിള തീരെയില്ല
വർഷം മുഴുവൻ കൃഷി ചെയ്തിട്ടും-
വിള കിട്ടാത്തവൻ ,ഞാൻ വിഡ്ഢി ,..
തരിശിട്ട നിലം കാട് പിടിക്കുന്നതല്ലാതെ
ഫല വൃക്ഷങ്ങൾ ഇല്ലതന്നെ,.....
ഞാൻ കിളച്ചു മണ്ണ് പരുവപ്പെടുത്താറില്ലാ-
വിത്ത്‌ മുള പൊട്ടുന്നതറിയാറില്ലാ...
വിതയ്ക്കുന്നവാൻ കൊയ്യുന്നു എന്ന തത്വം-
അനുസരിച്ചു എനിക്ക് കൊയ്യാനും കഴിയില്ലാ
എന്റെ അയൽ നിലങ്ങളിൽ
നൂറുമേനി കൊയ്യുന്ന ,നല്ല കൃഷിക്കാർ
അരയിൽ കയ്യും കുത്തി,തലയുയർത്തി-
എന്നെ നോക്കി ആർത്തു ചിരിക്കുമ്പോൾ
താടിക്ക് കയ്യും താങ്ങി വിഷാദ ചിത്തനാ-
യിരിക്കാനേ എനിക്ക് കഴിയുന്നുളൂ.....
അറിയാതെ എന്റെ കൈയ്യിൽ നിന്നും
ഉതിർന്നു വീഴുന്ന വിത്തുകൾ എലിയും ,പന്നിയും,
കാട്ടുപോത്തും മെതിച്ചു കളയുന്നു .....
എനിക്ക് ഇനിയും വിതയ്ക്കണം,വിളയണം...
വിലയിലൊരു വേലി വേണം,വളം വേണം -
അതെ, എനിക്കിനിയും വിളയണം,
വളരണം,...........
____________________________
ഹരിനാരായണൻ പരിപ്പായി,...

"പൊള്ളിയ ജീവിതം "


______________________
കണ്ടിട്ടും കാണാതെ,
കേട്ടിട്ടും കേൾക്കാതെ,
ഏതോ അജ്ഞതയിലാറാടി-
കുലംകുത്തി നടക്കുന്നതിനിടയിൽ
ജീവിതം അവളുടെ യൌവ്വനത്തുടിപ്പോടെ -
വന്നു കൊഞ്ചിയിട്ടും,കരഞ്ഞിട്ടും
കാണാതെ കേൾക്കാതെ തട്ടിമാറ്റി
കുതിച്ചു പായുന്നതിനിടയിൽ ,
ഇടയിലെപ്പോഴോ,അവളെ തൊട്ട മാത്രയിൽ
പൊള്ളിയടർന്നു പോയ്‌ വിരലുകൾ-
ഉടൽ വെന്തു കീറി വ്രണമായി....
അന്നെന്റെ കണ്ണുകൾ കാഴ്ചകൾ കണ്ടു,
അലമുറയുടെ ശബ്ദം കേട്ടു ചെവികൾ... ..
ഇന്നവൾക്ക്‌ പഴയ താപമില്ല,......
നനുത്ത കുളിരുള്ള ഉടലാനവൾക്ക്,
ഇന്ന് ഞാനവളുടെ കൂടെയാണ്,........
അല്ലെങ്കിൽ അവൾ എന്റെ കൂടെയാണ്,....
അതുമല്ലെങ്കിൽ ഞങ്ങളൊന്നാണ്,.....
_______________________________
ഹരിനാരായണൻ പരിപ്പായി
 — 

Wednesday 31 October 2012

വഴിവിളക്കുകള്‍


ഒരു മണിക്കൂറോളമായി റെയില്‍വേ സ്റെഷനില്‍ ഇരിക്കാന്‍ തുടങ്ങിയിട്ട്,പരിസരം മുഴുവന്‍ നിലാവിനോടൊപ്പം വൈദ്യുത വെളിച്ചത്തില്‍ പ്രകാശമാനമാണ്‌..., ആയിരങ്ങള്‍ വന്നും പോയും ഇരിക്കുന്നു.ട്രെയിനുകള്‍ ഇടയ്ക്കിടെ ആര്‍ത്തു കൊണ്ട് കിതച്ചു നില്‍ക്കുന്നു ,പോകുന്നു......
രാത്രിയിലും ഉറക്കമില്ലാതെ  എത്ര ആളുകളാണ് തങ്ങളുടെ ലക്ഷ്യസ്ഥാനം തേടി അലയുന്നത് ......
 
ഒരു സിഗരറ്റ് വലിക്കാനായി ആളൊഴിഞ്ഞ ഒരു മൂലയിലേയ്ക്ക് ഞാന്‍ മാറി നിന്നു,പൊതു സ്ഥലത്ത് പുകവലി ശിക്ഷാര്‍ഹമാണ്  എന്നതറിഞ്ഞു  കൊണ്ട് തന്നെ സിഗരറ്റിനു അഗ്നിയേറ്റി,
നിയമം അനുസരിക്കാനുള്ളതെന്നപോലെ  ലംഖിക്കാനും ഉള്ളതാകുന്നു
          അരികത്തുള്ള ബെഞ്ചില്‍ ഒരാള്‍ വസ്ത്രം മാറുന്നുണ്ടായിരുന്നു,ശ്രദ്ധിച്ചപ്പോള്‍ കൌതുകം തോന്നി,അയാള്‍ തന്റെ നല്ല വസ്ത്രം മാറ്റി മുഷിഞ്ഞ വസ്ത്രം അണിയുന്നു .......
കൌതുകത്തിനാണ് നോക്കിയതെങ്കിലും ,സിഗരറ്റ് കളഞ്ഞിട്ട് ഞാന്‍ വെളിച്ചത്തിന് കീഴെ വന്നിരുന്നു....
പിന്നെയും അരമണിക്കൂറോളം കൊതുകുകളുടെ താഡനം ഏല്‍ക്കേണ്ടി വന്നു .......ട്രെയിന്‍ വന്നു നിന്നപ്പോള്‍ യാത്രക്കാരായവരും  അല്ലാത്തവരും തിക്കും തിരക്കും കൂട്ടി പരക്കം പായുന്നുണ്ടായിരുന്നു,.....എന്തിനു ഇത്ര ബേജാറ് എന്ന് എനിക്ക് മനസ്സിലായില്ല ,.
ഞാന്‍ വണ്ടിയില്‍ കേറി, സീറ്റ് നമ്പര്‍ നോക്കി ഇരുന്നു,. ആദ്യം ഇരുന്നു നോക്കി, പിന്നെ കിടന്നു നോക്കി, പിന്നെയും ഇരുന്നു.......
വണ്ടി നീങ്ങിത്തുടങ്ങി ,പ്രിയപ്പെട്ടവരെ യാത്രയയക്കാന്‍ വന്നവര്‍ കൈവീശി കാണിക്കുന്നുണ്ടായിരുന്നു ,,അതൊന്നും ശ്രദ്ധിക്കാതെ ട്രെയിന്‍ നീങ്ങിക്കൊണ്ടിരുന്നു.....ഞാനിതെത്ര കാണുന്നതാ.....എന്ന ഭാവമായിരുന്നു വണ്ടിക്ക് എന്ന് തോന്നി .........
ഞാന്‍ സഹായാത്രക്കാരെ ശ്രദ്ധിച്ചു,.....എല്ലാ മുഖങ്ങളും ഗൌരവത്തിന്റെ മൂടുപടമണിഞ്ഞിരുന്നു  ........   ചിലര്‍ക്ക് വിരഹ ദുഃഖം,ചിലര്‍ക്ക് ഭാവിയെ ക്കുറിച്ചുള്ള ഉത്കണ്ട ,ചിലര്‍ക്ക് പണമുണ്ടാക്കാനുള്ള വ്യഗ്രത .....അങ്ങനെ ബഹുവിധ വേഷങ്ങള്‍...........,.........

ഒരാള്‍ ഇരുന്നു നിരങ്ങി ,കയ്യിലെ മുഷിഞ്ഞ തുണികൊണ്ട് കമ്പാര്‍ട്ട്മെന്‍റ് മുഴുവന്‍ തുടച്ചു വൃത്തിയാക്കുന്നുണ്ടായിരുന്നു ശേഷം യാത്രക്കാരോരുത്തരോടും കൈനീട്ടുന്നു.....ചില്ലറ നാണയങ്ങള്‍ കയ്യില്‍ നിറയുന്നു......അപ്പോഴും എന്റെ ശ്രദ്ധ സഹായാത്രികരിലായിരുന്നു.,ചിലരുടെ മുഖത്ത് ഗൌരവം,ചിലരുടെ മുഖത്ത് പുച്ഛം ,ചിലര്‍ക്ക് സഹതാപം.......എന്റെ നേരെയും നീണ്ടു അയാളുടെ കൈ.......കൂടുതല്‍ ആലോചിക്കാതെ  രണ്ടു രൂപ കൊടുത്തു...അപ്പൊ ഞാന്‍  പുഞ്ചിരിക്കാനാണ് ശ്രമിച്ചത്,.അത് പരിഹാസമായി അയാള്‍ക്ക്‌ തോന്നിയിരിക്കുമോ ??!!അറിയില്ലാ......
അയാള്‍ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു,വണ്ടിയും,......എന്റെ യാത്ര ശുഭകരമായി പര്യവസാനിച്ചു.....

നാല് ദിവസങ്ങള്‍ക്കു ശേഷം മടക്കയാത്ര...പശ്ച്ചാത്തലത്തില്‍ അതേ ചിത്രങ്ങള്‍,...മുഖങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു.......ട്രെയിന്‍ നീങ്ങി തുടങ്ങിയപ്പോള്‍ ആണ് ഞാന്‍ എതിര്‍ സീറ്റില്‍ ഇരുന്നയാളെ ശ്രദ്ധിച്ചത്.....    മാന്യമായി വസ്ത്രം ധരിച്ച,ഒരു യുവാവ്,മുഖം പക്ഷെ പരിചിതമായിരുന്നു,..........എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ലാ ....
എങ്ങനെ പരിചിതമാണെന്ന്....ചിന്തകളെ അരച്ചു കലക്കി ,അരിച്ചെടുത്തു.........
വികലാംഗനായ ഒരാള്‍ എല്ലാവരുടെ മുന്നിലും കൈ നീട്ടുന്നുണ്ടായിരുന്നു....ആ കൈ എന്റെ നേര്‍ക്ക്‌ നീണ്ടപ്പോള്‍ ഞാന്‍ തേടിയ  പരിചിത മുഖം മനസ്സില്‍ തെളിഞ്ഞു.....
നാല് ദിവസങ്ങള്‍ക്കു മുന്‍പത്തെ യാത്രയില്‍ മുഷിഞ്ഞു നാറിയ വസ്ത്രങ്ങളില്‍ ഇഴഞ്ഞു നീങ്ങിയ ചെറുപ്പക്കാരന്‍,....അയാളാണ് എന്‍റെ മുന്നില്‍ ഇരിക്കുന്നത്  ,ആശ്ചര്യത്തോടെ വീണ്ടും വീണ്ടും ഞാന്‍ അയാളെ നോക്കി....... അയാള്‍ ചിരിച്ചു, ഞാനും,..
എങ്ങോട്ട് പോകുന്നു ? അയാള്‍ എന്നോട് ചോദിച്ചു,...ഭാഷ വേറെ ആണെങ്കിലും എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു,ഞാന്‍ സ്ഥലം പറഞ്ഞു......അയാളോട് ചോദിച്ചു, അയാളും പറഞ്ഞു...

എന്‍റെ മുഖത്തെ ആശ്ചര്യവും കൌതുകവും കണ്ട അയാള്‍ പറഞ്ഞു, സംശയിക്കണ്ടാ, ആ ആള്‍ ഞാന്‍ തന്നെ......ഞാന്‍ വല്ലാതായി,..പിന്നെ അയാളുടെ കഥ പറഞ്ഞു......
നല്ല വിദ്യാഭ്യാസം ഉണ്ട്,....ഗള്‍ഫില്‍ ജോലി ചെയ്തിരുന്നു,.മൂന്നുകൊല്ലം ,പക്ഷെ മറ്റൊരാളുടെ കീഴില്‍ പണിയെടുക്കാന്‍ അയാള്‍ക്ക്‌ താല്പര്യമില്ലാ...തിരിച്ചു വന്നു,.പല പണികളും ചെയ്തു,ഒന്നിലും തൃപ്തിയില്ലാ  ,സ്വന്തം നിലയില്‍ എന്തെങ്കിലും ചെയ്യണമെന്ന വാശിയില്‍ കേരളത്തില്‍ വന്നു,യാത്രയ്ക്കിടയില്‍ പണവും ബാഗും നഷ്ടപ്പെട്ടു,അന്ന് തോന്നിയ ബുദ്ധിയാണ് ഇന്ന് അയാളുടെ ഉപജീവന മാര്‍ഗ്ഗം.......

ഇന്നയാള്‍ സന്തുഷ്ടനാണ്.....നല്ലൊരു തുക മാസ സമ്പാദ്യം ഉണ്ടാക്കുന്നു.....വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ പോകും,.വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അയാള്‍ ഒരു ബിസിനെസ്സ് മാന്‍ ആണ്.....
എന്‍റെ ആശ്ചര്യം കൂടുകയായിരുന്നു ,....ഇതും ഒരു ബിസിനെസ്സോ ??
തമാശകള്‍ പറഞ്ഞും ചിരിച്ചും കൂടെ യാത്ര ചെയ്തപ്പോള്‍ ,അയാള്‍ എന്‍റെ മനസ്സിലേയ്ക്ക് പുതിയൊരു വെളിച്ചം വീശുകയായിരുന്നു ....
അയാളുടെ നിശ്ചയദാര്‍ട്യത്തോടെയുള്ള  ആത്മവിശ്വാസത്തിന് മുന്നില്‍ ഞാന്‍ ഒന്നുമല്ലാതാവുകയായിരുന്നു,..........ഇങ്ങനെയും ഒരുപാട് പേര്‍ ഇവിടെ ജീവിക്കുന്നു,അവര്‍ വളരെ പെട്ടെന്ന് മുന്നോട്ടു പോകുന്നു ,അപ്പോഴും ഞാന്‍ നിന്നിടത്തു നിന്നും നാലുപാടും നോക്കുകയായിരിക്കും...

എന്‍റെ വഴിയില്‍ വെളിച്ചം ചൊരിഞ്ഞ് ഇയാളെപ്പോലെ ഇനിയുമൊരുപാട് വിളക്കുകാലുകള്‍ ഉണ്ടാവും,.....പിന്നിട്ട വഴികളില്‍ ഇത്തരം വിളക്കുകാലുകളെ ഞാന്‍ ശ്രദ്ധിച്ചിരുന്നില്ലാ,.....ഇനി ശ്രദ്ധിച്ചേ തീരൂ............   കാരണം എനിക്ക് വഴി കാട്ടേണ്ടത്  അവരാകുന്നു............



ഹരിനാരായണന്‍ പരിപ്പായി

Wednesday 3 October 2012

"ഏകാങ്കം "

വര്‍ണ്ണ വെളിച്ചങ്ങള്‍ വാരി വിതറിയ -
ഭൂലോക രംഗ വേദിയില്‍ ഏകനായ്
നില്‍ക്കുന്നു ഞാന്‍........
വേഷവും,ഭൂഷയും ,ഭാഷയുമറിയാതെ  -
സൌവര്‍ന്ണോജ്ജ്വല വേദിയില്‍-
ഏകനായ്.........
അണിയറയിലും അരങ്ങിലുമെല്ലാം
ജീവിത നാടക വെപ്രാളം.......
ആക്രോശങ്ങളും അഭിനയങ്ങളും
വേദി നിറഞ്ഞാടുന്നു.....
ആക്രോശങ്ങള്‍ അവസാനം നടനെ ബധിരനും -
മൂകനുമാക്കുന്നു.........
നദികള്‍ തങ്ങളുടെ വേഷഭൂഷകളും-
ആടയലങ്കാരങ്ങളും നഷ്ടപ്പെട്ടതറിയാതെ
തന്മയത്വമായ് ആടിത്തിമര്‍ക്കുന്നു,.......
രംഗമൊഴിഞ്ഞ് അണിയറ കേറുമ്പോള്‍
കാപട്യത്തിന്‍റെ  കുറ്റബോധത്താല്‍-
ശിരസ്സുകള്‍ താനേ കുനിയുന്നു,.........
നിസ്വനായ്,നിസ്സഹായനായ് നില്‍ക്കുന്നു ഞാന്‍-
എന്‍റെ വേഷമെനിക്കിതുവരെയാരും -
പറഞ്ഞു തന്നില്ലാ.......
കാഴ്ച്ചക്കാര്‍ എനിക്ക് നേരെ കല്ലെറിയുന്നുണ്ട്...........
പരിഹാസച്ചിരിയോടവര്‍ -
പിന്തിരിയുമ്പോള്‍ -
പതിക്കണം വിണ്ണില്‍ നിന്നൊരു
കണ്ണെന്‍റെ   ജീവനില്‍ 
വിളിക്കണം അതെന്നെ മൂകമായ്.....
ഇവിടെ ഞാന്‍ കണ്ടതനുത്തമം സര്‍വ്വം....
കേട്ടത് പൂര്‍ണ്ണം ശ്രവ്യ സുന്ദരം  .....      
എനിക്കായ് ഒന്നുമില്ല പിന്നെ -
ചേരും നിന്‍റെ കാലടികളിലെന്‍റെ  പ്രാണ- 
നേക സാഷ്ടാംഗ പ്രണാമത്തില്‍.............!


ഹരിനാരായണന്‍ പരിപ്പായി

Tuesday 2 October 2012

"ചുമടെടുക്കുന്നവന്‍"



ചുമക്കുന്നു ഞാനെന്‍ ഭാരം,
എന്‍ ചുമലില്‍ തന്നെയിന്നു മൂഡം...
ഭിക്ഷ യാചിക്കുന്നു ഞാനിന്നു -
എന്‍റെ തന്നെ വാതില്‍ക്കലില്‍.. 
തേടുന്നു ഞാനിന്നൊരാളെ-
എന്തു മേന്താന്‍ പോന്നോരാളെ..... 
അവനെയേല്പ്പിക്കണം എന്‍റെ ഭാരം
പിന്തിരിഞ്ഞു നോക്കാതെ നടക്കണം-
പിന്നെ ശാന്തമായ്......

ഇനിയുമൊട്ടേറെ നാള്‍ വേണമെനിക്കെന്‍റെ-
യാത്ര തീരുവാന്‍ അത്രയ്ക്ക് നീണ്ടതാവണം 
താണ്ടേണ്ട പാതയും.....
എണ്ണിയാല്‍ തീരാത്തതാണെന്‍റെ മോഹങ്ങള്‍-
ലകഷ്യ മെത്രയകലെയെന്നറിയില്ലാ  .....  
രാവെനിക്ക് പരീക്ഷണമാകുന്നു,
തെല്ലും മുഷിയാതെ ഞാനൊന്ന് നന്നായ് ഉറങ്ങട്ടെ 
സര്‍വ്വം മറന്ന്,.....
എന്‍ രാവുകളെല്ലാമിങ്ങനെ -
നഷ്ടമായ് പോകുന്നതെന്തു കൊണ്ടോ ?
മോഹങ്ങളും നഷ്ടബോധങ്ങളും എന്‍ -
നിദ്രയെത്തൊട്ടു കോരിത്തരിപ്പിച്ചിടുന്നു നിത്യം,.....  

കരുതുന്നു ഞാനെന്‍റെ -
സഹനത്തിന്‍ നെല്ലിപ്പടിയിലീ-
യാത്രയ്ക്ക് അറുതിയുണ്ടാവും   
തേടുന്നു ഞാനിന്നൊരാളെ-
എന്തു മേന്താന്‍ പോന്നോരാളെ......

കുഴയുമെന്‍ കൈകാല്‍ നിവര്‍ത്തി-
നീട്ടിയാ വഴിവക്കിലിരിക്കവേ
കളിയാക്കി ചിരിച്ചെന്നെ നോക്കി ,തലയാട്ടി 
തോഴര്‍ കടന്നു പോയ്‌ തിരക്കില്‍........
ദീര്‍ഘമാണതി കഠിനമാണെന്‍-
യാത്രയെന്നെത്രയോ ഭയന്നുപോയ്‌ ഞാന്‍.......
അത്രയും കഠിനമാകുന്നു നിന്നെ തേടുമെന്‍ -
സാഹസ യത്നവുമെന്നറിയുന്നു ഞാന്‍.............!!


ഹരിനാരായണന്‍ പരിപ്പായി  
         

Tuesday 18 September 2012

"സൌഹൃദത്തിന് ചുറ്റും മുള്ളുവേലിയുണ്ട് "


അറിഞ്ഞിരുന്നില്ല ഞാന്‍,
അത് ശാപവാക്കുകളായിരുന്നോ   ???
സൌഹൃദവും ശാപവും പരസ്പര-
 പൂരകങ്ങളായിരുന്നില്ലല്ലോ    ,

ഒരു മൊട്ടായി ഉണര്‍ന്ന്-
പൂവായി വിരിഞ്ഞ സൌഹൃദം,
വാടി  വീണപ്പോള്‍ ,വാടിയത് 
എന്‍റെ മനസ്സുമായിരുന്നില്ലേ ???
സൌഹൃദം സ്മരണയായ് വാടി,
വീണ പൂവിനൊപ്പം മണ്ണിലലിഞ്ഞുവോ   ? 

മംഗളങ്ങള്‍ നേര്‍ന്നു വിടപറയാന്‍ 
കാത്തു നിന്നില്ലാ നീ.......
നീ വരച്ച ചിത്രങ്ങളില്‍ എന്‍റെ 
മുഖം ചിരിച്ചപ്പോള്‍ ,ചിരിച്ചത്-
നമ്മിലെ സൌഹൃദം ആയിരുന്നു........

നീയെനിക്ക് കാണിച്ചു തന്ന -
സൌഹൃദത്തിന്റെ മുള്ളുവേലി ,
എന്നെ നോക്കി പല്ലിളിക്കുന്നു,......
അത് ഭേദിക്കാന്‍ ശ്രമിച്ച ഞാനായിരുന്നു 
വിഡ്ഢി.......!
നമുക്കിടയില്‍ ആ മുള്ളുവേലി ഞാന്‍ കണ്ടിരുന്നില്ലാ,....
നീ കാണിച്ചു തരുന്നത് വരെ ........
സൌഹൃദത്തിന്റെ പുഞ്ചിരി തൂകി ,
ഇന്ന് നീ അരികിലില്ലെങ്കിലും ,
അറിയുന്നു ഞാന്‍ -
നീയെനിക്കകലെയല്ലാ,..........

നീന്തുക സഖാവേ ,നീയാ 
പുഴ നീന്തി ക്കയറുക .......
നിനക്ക് മുന്നില്‍ മുള്ളുവേലികള്‍ 
ഇല്ലാതിരിക്കട്ടെ,...,ഞാനും പോകുന്നു........
പുതിയ മുള്ളുവേലികള്‍ തേടി...
ഇത് നിനക്കുള്ള എന്‍റെ അവസാന-
 മംഗളാശംസയാകുന്നു  ,....   


((നിസാര കാര്യത്തിന് പിണങ്ങി പിരിഞ്ഞു പോയ ഒരു സൌഹൃദത്തിന്‍റെ   നഷ്ടബോധം ))

ഹരിനാരായണന്‍ പരിപ്പായി