Friday, 21 October 2011

"ജOരാഗ്നി"




രണ്ടു മണിക്കൂറില്‍ അധികമായി ഈ നില്‍പ്പ് തുടങ്ങിയിട്ട് ........
ഗോപിയ്ക്ക് വല്ലാതെ മുഷിയുന്നുണ്ടായിരുന്നു.......
ഒരൊറ്റ ബസ്സ് പോലും ആ വഴിയ്ക്ക് വരുന്നില്ല...........വിശപ്പിന്റെ വിളി രോമകൂപങ്ങളെ ഉണര്‍ത്തുന്നു...കാലുകള്‍ തളരുന്നത് പോലെ തോന്നി.....ചുറ്റും പരിചിത മുഖങ്ങള്‍ ഏതുമില്ല......


ശബ്ദമാനമായ പരിസരം അയാളെ കൂടുതല്‍ അസ്വസ്ഥനാക്കി....
വീട്ടില്‍ നിന്നാണ് ഗോപി രാവിലെ ഇറങ്ങിയത്‌.....യാത്രയുണ്ടെന്ന് തലേ ദിവസമേ അറിയാവുന്നത് കൊണ്ട് ഭാര്യ നേരത്തെ തന്നെ ചപ്പാത്തിയും കറിയും ,ചോറും എല്ലാം തയ്യാറാക്കി വച്ചിരുന്നു......


എന്തിനാണെന്നറിയില്ല ,എങ്ങനെയെന്നറിയില്ല,നേരം വെളുത്തത് മുതല്‍ വീട്ടില്‍ ഗംഭീര കലഹം...സത്യത്തില്‍ താനാണ് തുടങ്ങി വച്ചതെന്ന് ഗോപിയ്ക്ക് അറിയാമായിരുന്നു.....നേരത്തെ വിളിക്കണമെന്ന് ഭാര്യയോടു പ്രത്യേകം പറഞ്ഞിരുന്നു,അടുക്കള തിരക്കിനിടയില്‍ അവളതു മറന്നു...ഫലത്തില്‍ നേരം വൈകി........പിന്നെ ഒന്നും രണ്ടും പറഞ്ഞു പിണങ്ങി.......


ഭാര്യയുടെ സ്നേഹത്താല്‍ ചേര്‍ത്തുണ്ടാക്കിയ ചപ്പാത്തിയും കറിയും തിരിഞ്ഞു പോലും നോക്കാതെ പുറത്തേയ്ക്കിറങ്ങി.....


അവളുടെ കണ്ണുനീര്‍ തന്നെ 'പിന്‍വിളി' വിളിച്ചിരിക്കുമോ ?.........മനസ്സില്‍ വല്ലാത്ത ഭാരം.....


ഒരേ സമയം നൂറായിരം ചിന്തകള്‍ ,ഇളകിയ കടന്നല്‍ക്കൂട്ടം പോലെ തന്റെ തലയെ ആക്രമിക്കുന്നതുപോലെ തോന്നി ഗോപിയ്ക്ക്........


"രണ്ടു രൂപ തര്വോ ? ചായകുടിക്കാന്‍ ?? "
ചോദ്യം കേട്ട് ഗോപി ഞെട്ടി.....,മുന്‍പില്‍ ബലിഷ്ടമായ കൈ ....,ഒരു മധ്യവയസ്ക്കന്‍ ......അയാള്‍ ചോദ്യം ആവര്‍ത്തിക്കുന്നു.....ഗോപി മറ്റു ചിന്തകളില്‍ നിന്നും ഇറങ്ങി വന്നു.....,അയാളിലെയ്ക്ക് നോക്കി.....ഏതോ ഒരു തെരുവിന്റെ പുത്രന്‍......
ചായയ്ക്ക് രണ്ടു രൂപ ചോദിക്കുന്നു...


രണ്ടു രൂപയ്ക്ക് എവിടെ കിട്ടും ചായ?    ഗോപി അയാളോട് ചോദിച്ചു....


"രണ്ടു രൂപ തര്വോ ? ചായകുടിക്കാന്‍ ?? "     അയാള്‍ വീണ്ടും ചോദിക്കുന്നു....
ഗോപി പോക്കറ്റില്‍ നിന്നും അഞ്ചു രൂപയുടെ ഒരു നാണയം എടുത്തു.....കൈവെള്ളയില്‍ വച്ച് ഒന്ന് നോക്കി.....അപ്പോള്‍ അതില്‍ ഭാര്യ ഉണ്ടാക്കിയ 'ചപ്പാത്തി' കണ്ടു അയാള്‍.....


ഗോപി അവനെയും കൂട്ടി അടുത്തു കണ്ട ചായക്കടയില്‍ കയറി..,അവനു ചായയും ഒരു  വടയും വാങ്ങിക്കൊടുത്തു.....അയാളും ഒന്ന് കുടിച്ചു....
അവന്‍ ആര്‍ത്തിയോടെ ആ ചായ കുടിക്കുന്നത് ഗോപി നോക്കി നിന്നു.......അത് കണ്ടപ്പോള്‍ തന്റെ വിശപ്പ്‌ ഒന്നുമല്ലെന്ന് അയാള്‍ തിരിച്ചറിഞ്ഞു........
തന്റെ വിശപ്പറിഞ്ഞു, തന്റെ വയറു നിറയ്ക്കാന്‍ തന്നെ സഹായിക്കുന്ന ഭാര്യയോടു അയാള്‍ക്ക്‌ ബഹുമാനം തോന്നി.....


ചായ കുടിച്ചിട്ട് കൈ തന്റെ ഉടുപ്പില്‍ തേച്ചു അവന്‍ പുറത്തേയ്ക്ക് വന്നു.......മുഖത്തു ഒരു പുഞ്ചിരി കണ്ടു ഗോപി......നേരെ ഗോപിയുടെ  മുന്‍പില്‍ വന്നിട്ട് .....വീണ്ടും പഴയ ആവര്‍ത്തനം .......


"രണ്ടു രൂപ തര്വോ ? ചായകുടിക്കാന്‍ ?? "
അന്തം വിട്ടു നിന്നു പോയി ഗോപി........അവനെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല.....പാലിനും  ,ചായയ്ക്കും എല്ലാം വില കൂടിയത് അവനറിയില്ല...... അറിയുന്നത് ആകെ "രണ്ടു രൂപ തര്വോ ? ചായകുടിക്കാന്‍ ?? " എന്ന് മാത്രം....


ബസ്സ് വന്നു.......ഗോപി ഒരു ചെറിയ ചിരിയോടെ അതിലേയ്ക്ക് കയറി......,വീട്ടിലേയ്ക്ക്........ഭാര്യയുണ്ടാക്കിയ ചായ കുടിക്കാന്‍.......ചപ്പാത്തി തിന്നാന്‍........














കുട്ടന്‍ പരിപ്പായി(ഹരിനാരായണന്‍ )

"അക്ഷര പ്രണയം"





എന്റെ പ്രണയമിന്നു -
അക്ഷരങ്ങളോട്.....
വെളുത്ത കടലാസ്സില്‍ -
ചമഞ്ഞിരിക്കുന്ന
അക്ഷരങ്ങള്‍ എന്റെ
കാമുകിമാര്‍ .....


കൈയ്യില്‍ പ്രേമപുഷ്പവും,
ശ്രിന്ഗാര ചിരിയുമായി...
ഞാനവയ്ക്ക് പിന്നാലെ
നടക്കുന്നു,പക്ഷെ-
അവരെന്നെ ഒന്ന്
നോക്കുന്നുപോലുമില്ല..!


എന്റെ കൂടെ വരുവാന്‍ -
അവര്‍ക്ക് മനസ്സായില്ല...


എന്റെ തൂലിക തുമ്പില്‍ -
വരാനവര്‍ മടിക്കുന്നതെന്തേ ...
എങ്കിലും ,എന്റെ പ്രണയമിന്നു-
അക്ഷരങ്ങളോട്.....


വരുമെന്നെങ്കിലും ....
അവരെന്നോട് കൂടെ....
അന്നെന്റെ പുഴ-
യൊഴുകിത്തുടങ്ങും .........










കുട്ടന്‍ പരിപ്പായി(ഹരിനാരായണന്‍ )

Thursday, 20 October 2011

"അണയാത്ത നാളം"



ജ്വലിക്കാന്‍ തുടങ്ങിയ -
മെഴുകുതിരി നാളമായ് -
പ്രൌഡിയായ് ...ശോഭയായ് -
തുടങ്ങുന്നു ജീവിതം...


ഉരുകുന്ന മെഴുകു പോല്‍ -
താഴേയ്ക്ക് ജീവനും....
ഉരുകുന്നു സ്നേഹവും...
സന്തോഷവും.....


ഇളം കാറ്റ് വീശുമ്പോള്‍ -
ജീവനാം ജ്വാല്യ്ക്ക് -
അണയാന്‍ കൊതിക്കുന്നോ-
രാന്തോളനം........
കരടു കെട്ടിയ തിരിയായ്
തെളിയാന്‍ മടിക്കുന്നു ....


ഇരുട്ടിനെയറിയാതെ.....
വെളിച്ചത്തില്‍ ഉണരാതെ.....
എത്ര നാള്‍ ...എത്ര നാള്‍ ...


അണയുവാന്‍ നേരമിനി -
യെത്രയെന്നറിയാതെ നാളമാം-
ജീവനി,ന്നുലയുന്ന കണികയായ് ...
അണയാതെ നില്‍പ്പൂ....










കുട്ടന്‍ പരിപ്പായി(ഹരിനാരായണന്‍ )

"ഗായത്രിയുടെ മരണം"



പുഴ വരമ്പത്ത് എന്നോ -
കണ്ടു മറന്ന കാഴ്ച തേടി-
ഞാനലയവേ......കണ്ടു-
കരയുന്ന പ്രകൃതിയും,
കത്തുന്ന ചിതകളും...

നീര്ച്ചാല് വഴിയുന്ന നിന്‍ -
മാറിടങ്ങളില്‍ മാന്തി -
മണലൂറ്റുന്ന കൈകള്‍ മാത്രം...

തീരുന്നുവോ നിന്റെ കര്‍മ്മകാണ്ഡം..
അന്ത്യ ശ്വാസം വലിച്ചീ -
കിടപ്പ് കണ്ടിട്ടൊരുപോലെ -
യാര്‍ക്കുന്നു മണ്‍ കൂനകള്‍ ...

ഇടതിങ്ങി വളരുന്ന കൈതയില്ല..
കണ്ണാടി തോല്‍ക്കുന്ന വെള്ളമില്ല...
പഞ്ചാര മണലില്ല,
പാറയില്ല.....

ചീഞ്ഞു നാറുന്ന വള്ളി-
പടര്‍പ്പുകള്‍ .....
പരവതാനി പോല്‍ -
കുളവാഴകള്‍ ..
കളകളാരവം കേട്ടതില്ല..

തകരുന്ന കാഴ്ചയില്‍ -
തരളമെന്‍ ഹൃദയത്തില്‍ -
ഒരു തുള്ളി രക്തം പൊലിഞ്ഞു വീണു..

കണ്ണുനീരായി നിര്‍ബാധമിന്നെന്റെ-
കവിളിലൂടോഴുകുന്നു ഇനിയും -
മരിക്കാത്ത ഗായത്രി നീ......





കുട്ടന്‍ പരിപ്പായി (ഹരിനാരായണന്‍ )

Sunday, 16 October 2011

"പരാജയ പ്രേമം "



അവന്റെ ജനനം വളരെ നല്ല സമയത്തായിരുന്നു......അന്ന് മുതല്‍ 'തടസ്സങ്ങള്‍ 'അവന്റെ വഴി മാറി നടന്നു.......'വിജയം',,ഓര്‍മ്മ വെച്ച നാള്‍ മുതല്‍ അവനോടു കൂടെ തന്നെയായിരുന്നു..........വിജയങ്ങളും ,ഉന്നത വിജയങ്ങളും അവനെ വിടാതെ പിന്തുടര്‍ന്നുകൊണ്ടെയിരുന്നു....പരീക്ഷാ ഫലങ്ങള്‍ പ്രസിദ്ധീകരിച്ച പത്രങ്ങളില്‍ അവന്റെ പേരും ഫോട്ടോയും നിരന്തരം വന്നുകൊണ്ടിരുന്നു....അത് കണ്ടു സ്വയം അഭിമാനിച്ചു....
അവനു അതൊരു ലഹരിയായിരുന്നു.....വിജയങ്ങള്‍ക്ക് പിന്നാലെ ഭ്രാന്തമായ ആവേശത്തോടെ അവന്‍ ഓടിക്കൊണ്ടേയിരുന്നു.....സമൂഹം അവനെ ഒരു തരം ആരാധനയോടെയാണ് നോക്കി കണ്ടത്...അത് കൊണ്ട് തന്നെ ആളുകള്‍ അവനെ ഒഴിവാക്കി നടന്നു........

വയസ്സ് മുപ്പത്തഞ്ചിനോടടുത്തപ്പോള്‍ അവനു മടുക്കാന്‍ തുടങ്ങി....പരാജയപ്പെടുവാന്‍ കൊതിച്ചു...
അവനു പരാജയത്തോട് പ്രേമം തുടങ്ങി..പക്ഷെ ,പരാജയം വഴി മാറി നടന്നു..
വിജയങ്ങളെ അവന്‍ കഠിനമായി വെറുത്തു........ജീവിതം തന്നെ മടുത്തപ്പോള്‍ 'ആത്മഹത്യ' പരീക്ഷ എഴുതാന്‍ തീരുമാനിച്ചു..
ആദ്യത്തെ ശ്രമം വളരെ നല്ല രീതിയില്‍ പരാജയപ്പെട്ടപ്പോള്‍ ,അവന്‍ ആദ്യമായി ആ പരാജയരസം അറിഞ്ഞു....
തളര്‍ന്നില്ല....
ഒരു ലഹരിയായി വീണ്ടും വീണ്ടും ആത്മഹത്യക്ക് ശ്രമിച്ചു പരാജയപ്പെട്ടപ്പോള്‍ അവന്റെ പഴയ 'കാമുകി', വിജയദാഹം, വീണ്ടും ഉണര്‍ന്നു....
ആറാമത്തെ ശ്രമത്തിന്റെ ഫലം വന്നപ്പോള്‍ വിജയമായിരുന്നു അവന്റെ കൂടെ.....,പക്ഷെ അത് പ്രസിദ്ധീകരിച്ച പിറ്റേന്നത്തെ പത്രം കാണാന്‍ അയാള്‍ക്ക്‌ ഭാഗ്യമുണ്ടായില്ല.....
അങ്ങനെ അവന്റെ പരാജയപ്രേമത്തിന് അത്ര ശുഭകരമല്ലാത്ത ഒരന്ത്യം.....






കുട്ടന്‍ പരിപ്പായി (ഹരിനാരായണന്‍ )

Tuesday, 4 October 2011

"എന്റെ മൌനത്തിനു ജീവന്‍ വേണം".....



മുന്‍പ്‌ എനിക്കെഴുതാന്‍ പേന-
വേണമായിരുന്നു,ഇന്നും....
തൂവെള്ള പേപ്പറില്‍ പേനയാല്‍ -
കോറിയിടുന്ന അക്ഷരങ്ങള്‍ -
എന്നെ ഭ്രമിപ്പിച്ചിരുന്നു.....
കാലമിന്നു കാടുകയറുമ്പോള്‍ -
ഒരു വിഫല ശ്രമം നടത്തി ഞാന്‍ ...
കീബോര്‍ദിലെയ്ക്കാവാഹിക്കുവാന്‍ -
പക്ഷെ അക്ഷരങ്ങള്‍ എന്നും പെന്‍ -
തുമ്പിലൂടെയെ പുറത്തെയ്ക്കൊഴുകിയുള്ളൂ...
അതല്ലാതെ വേറെ വഴിയില്ല -
എന്റെ ചിന്തനങ്ങള്‍ക്ക് വെളിച്ചം പകരുവാന്‍ ....
പെന്നും പിടിച്ചിരിക്കുമ്പോഴാണെന്-
ന്നുള്ളിലെ മൌനത്തിനു ജീവന്‍ -
വരുന്നത്....
കീബോര്‍ഡിലെ അക്ഷരങ്ങള്‍ ജീവനില്ലാത്തവയാണ്...
എന്റെ മൌനങ്ങള്‍ക്ക് ജീവന്‍ വേണം...
അതിനാല്‍ പെന്നും പിടിച്ചിരിപ്പാണ് ഞാന്‍ .....






കുട്ടന്‍ പരിപ്പായി (ഹരിനാരായണന്‍ )